2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

അദൃശ്യമായ തടവറകളും അദൃശ്യരായ കുറ്റവാളികളും

സമൂഹം അതിന്റെനിലനില്‍പിനു വേണ്ടി, അതിലെ വ്യക്തികള്‍ തമ്മിലുള്ള പരസ്പരബന്ധത്തേയും ആ പരസ്പരബന്ധത്തിന്റെ ശ്രേണീകരണത്തേയും സംബന്ധിച്ച്‌ പുലര്‍ത്തിപ്പോരുന്ന പലതരത്തിലുള്ള മാമൂലുകളുണ്ട്‌. അടിമത്തവ്യവസ്ഥ നിലനിന്ന കാലത്ത്‌ അതിനെ ന്യായീകരിക്കുന്നതിനുള്ള നീതിശാസ്ത്രമാണ്‌ തത്ത്വചിന്തകന്‍മാര്‍ നിര്‍മ്മിച്ചിരുന്നത്‌. കാരണം അടിമത്തം നിലനിന്നാല്‍ മാത്രമേ അത്‌ പ്രോത്സാഹനം നല്‍കുന്ന പ്രത്യശാസ്ത്രാവബോധത്തിനും അതിന്റെ സാംസ്കാരികമൂലധനത്തിനും നിലനില്‍ക്കാനാവുകയുള്ളു. അതുകൊണ്ട്‌ ഓരോ സമൂഹവും അതിന്റെ സാമൂഹ്യന്യായീകരണമെന്ന നിലയില്‍ ചില ആശയങ്ങള്‍ ബഹുജനങ്ങളുടെ ചിലവില്‍ വലിയതോതില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കും.
ദളിതര്‍ക്ക്‌ ബുദ്ധിയോ സൌന്ദര്യബോധമോ ശുചിത്വമോ ഇല്ലെന്ന ആശയം ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്‌.

സ്ത്രീയുടെ ചാരിത്ര്യത്തെയും കന്യകാത്വത്തെയും അതിനെ കാത്തുരക്ഷിക്കാന്‍ കഴിയുന്ന ആണത്തമോ പുരുഷത്വമോ സംബന്ധിച്ച സാമൂഹ്യധാരണകളുടേയും ആശയനിര്‍മ്മിതി സാമൂഹ്യനിയന്ത്രണത്തിന്റെ ഏറ്റവും ശാശ്വതമായ, മൂര്‍ത്തമായ ഒരുദാഹരണമാണെന്ന്‌ ഫെമിനിസ്റ്റ്ചിന്തകര്‍ ചൂണ്ടിക്കാണിച്ചിടുണ്ട്‌. വേശ്യയും ഷണ്ഡനും ഏറ്റവും അപഹാസ്യരായിത്തീരുന്നത്‌ ഇത്തരം ആശയങ്ങളുടെ പ്രബലിതസാഹചര്യത്തിനുള്ളിലാണ്‌. ആണത്തമില്ലാത്തവന്‍ എന്ന പ്രയോഗം തേവിടിശ്ശി എന്ന പ്രയോഗത്തേക്കാള്‍ ശക്തമാണ്‌ ഒരു പുരുഷാധിപത്യ സമൂഹത്തില്‍ എന്നു കാണാം. ഇത്‌ പുരുഷാധിപത്യസമൂഹം പുരുഷനെത്തന്നെ എങ്ങനെ തടവറയിലാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്‌. ഈ കാരാഗൃഹം ആശയങ്ങളുടെ ഇഷ്ടികകൊണ്ടു കെട്ടിയുണ്ടാക്കിയതാണെന്നു മാത്രം. ആശയങ്ങള്‍ കൊണ്ട്‌ നിര്‍മ്മിതമായ കാരാഗൃഹം ഒരു യഥാര്‍ത്ഥമായ, മൂര്‍ത്തമായ കാരാഗൃഹത്തേക്കാള്‍ ആയിരമിരട്ടി ശക്തവും( അദൃശ്യമായതുകൊണ്ട്‌) ഏറെക്കുറെ അഭേദ്യവുമാണ്‌. ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത്‌ അടിമത്തമോ, അതിന്റെ തന്നെ മറ്റൊരു രൂപമായ ജാതിമേധാവിത്വമോ പുഷാധിപത്യമോ അരക്കിട്ടുറപ്പിക്കുന്നതിന്‌ വേണ്ടിയായിരുന്നു. ഈ ജാതിബോധവും പുരുഷാധിപത്യവും നിലനിര്‍ത്തപ്പെടുന്നത്‌ കൂലിയില്ലാതെപണിയെടൂക്കുന്ന വലിയൊരു സമൂഹത്തെ ശാശ്വതമായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്‌. അങ്ങനെ നിലനിര്‍ത്തണമെങ്കില്‍ അതിനു വിധിക്കപ്പെട്ട ജനതയെ മാനസികമായി അപകര്‍ഷമുള്ളവരാക്കിത്തീര്‍ക്കേണ്ടതുണ്ട്‌. അതിനവര്‍ക്ക്‌ അറിവ്‌ നിഷേധിക്കുക എന്നതാണ്‌ ഒന്നാമത്തെ സൂത്രം. അങ്ങനെ ശൂദ്രനും ദളിതനും ഒക്കെ വിദ്യ നിഷേധിച്ചിട്ട്‌ രണ്ടോ മൂന്നോ തലമുറക്ക്‌ ശേഷം അവര്‍ക്ക്‌ ബുദ്ധിയില്ലെന്ന് പ്രഖ്യാപിക്കുക എന്നത്‌ വളരെ എളുപ്പമുള്ള ഒരു പദ്ധതിയാണ്‌.

വീട്ടിനുള്ളിലിട്ട്‌ വളര്‍ത്തുകയും സാമൂഹ്യബന്ധങ്ങള്‍ അറുത്തു കളയുകയും ചെയ്തതിനു ശേഷം കുട്ടികള്‍ക്ക്‌ യാതൊരു പക്വതയുമില്ലെന്ന്‌ പറഞ്ഞ്‌ അവരുടെ നേരെ മുതിന്നവരുടെ അധികാരം പ്രയോഗിക്കുന്നതും ഈ രീതിയിലാണ്‌. നൂറ്റാണ്ടുകളോളം അടുക്കളയ്ക്കകത്തിട്ട്‌ പുകച്ചും തിളപ്പിച്ചും പാകപ്പെടുത്തിയ ശേഷം ആ മട്ടിലുള്ള സൂത്രമാണ്‌ സ്ത്രീകള്‍ക്കെതിരേയും പ്രയോഗിക്കുന്നത്‌. ദലിതനു ബുദ്ധിയില്ലെന്ന പ്രചാരണവും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും പക്വതയില്ലെന്ന പ്രചാരണവും സ്ത്രീകള്‍ അബലകളാണെന്ന പ്രചാരണവും ഒരേ അധികാരപ്രയോഗത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ആശയ സംഹിതയുടെ സാമൂഹ്യ പ്രയോഗമായി ഉരുത്തിരിയുന്നതാണ്‌.

ഒരാശയം ബഹുജനമദ്ധ്യത്തില്‍ വിദ്യാഭ്യാസത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റെയും മറ്റുപ്രാചാരവേലകളുടേയും ഭാഗമായി വ്യാപകമാകുന്നതോടെ അതിന്റെ ശക്തി ആയിരംമടങ്ങായി വര്‍ദ്ധിക്കുന്നുണ്ട്‌. ദൃശ്യവും ശ്രാവ്യവും വാചികവുമായ ആശയപ്രചരണത്തിലൂടെ ഇങ്ങനെ ആശയങ്ങളെ ഭൌതികശക്തിയാക്കിമാറ്റുന്ന വിദ്യ അതിപ്രാചീനകാലം മുതല്‍കേ രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പൊതുവായ പ്രവര്‍ത്തനരീതികളായിരുന്നു. മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അവിഹിതബന്ധമാണ്‌ പുരാണേതിഹാസങ്ങളിലും പഴയനിയമത്തിലും എല്ലാം നമുക്കു കാണാന്‍ കഴിയുക. മറ്റുള്ളവരെ ഭരിക്കാനുള്ള വാസന രാഷ്ട്രീയത്തിലും മതത്തിലും ഒരു പോലെ നിലനില്‍ക്കുന്ന സംഗതിയാണ്‌.

അധികാരം അജയ്യമായി നിലനിര്‍ത്തണമെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും അദ്ധ്വാനിക്കുന്നവര്‍ക്കും എതിരായ, അവരെ അടക്കിബ്ഭരിക്കുന്ന ഒരു ആശയസംഹിതയെ ഭൌതിക ശക്തിയായി വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. ഇക്കാര്യം എല്ലാ രാജാക്കന്‍മാരും മനസിലാക്കിയിരുന്നതിനാല്‍ രാജസദസിലൊന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല.രാജാവിന്റെ അന്തഃപ്പുരത്തില്‍ നിറയെ സ്ത്രീകളും സദസില്‍ നിറയെ പുരുഷന്‍മാരുമാണ്ടായിരുന്നത്‌. നമ്മുടെ യജ്ഞപുരോഹിതന്‍മാരെല്ലാം പുരുഷന്‍മാരും ദുര്‍മ്മന്ത്രവാദികളിലധികവും സ്ത്രീകളുമായിരുന്നു. കഥകളിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന സ്ത്രീ സ്വത്വം സ്ത്രീയുടെ ഒരു വാമ്പയര്‍ പ്രതിച്ഛായയാണ്‌.

അഭിമന്യുവും ഘടോല്‍കചനും പക്വതയില്ലാത്ത യൌവനത്തിന്റെ പരാജിതപ്രതിച്ഛായ വഹിക്കുന്നവരാണ്‌. പിതാവിനുവേണ്ടി യൌവനം ഹോമിക്കുന്ന പൂരു മഹനീയമായപുത്രസങ്കല്‍പമായി കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ട്‌. ഏകലവ്യനാകട്ടെ വിശ്വസ്തതയുടെ പേരില്‍ ശാശ്വതമായ അടിമത്തവും ബലഹീനതയും സ്വയം വരിച്ച 'ബുദ്ധിശൂന്യന്‍';അതായത്‌ ദളിതന്റെ ആദിരൂപം. അപ്പോള്‍ സീതയും പാഞ്ചാലിയും ആരാണ്‌?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ