2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ജീവിതത്തോളം പോന്ന ഒരു വാക്ക്‌

ചില പദങ്ങള്‍ ജീവിതത്തോളം തന്നെപ്രധാനപ്പെട്ടതാണ്‌. അവ സംസ്കാരത്തിന്റെയും ദര്‍ശനത്തിന്റെയും മുദ്രകള്‍ വഹിക്കുന്ന താക്കോല്‍പദങ്ങളാണ്‌. അത്തരത്തിലുള്ള ഒരു പദമാണ്‌ 'വഴി'. (വഴിയുടെ പര്യായങ്ങളായി ഉപയോഗിക്കുന്ന മാര്‍ഗ്ഗം, പാത മുതലായ പദങ്ങളും സ്മരണീയമാണ്‌. )
നിത്യജീവിതത്തില്‍ ഈ പദം എത്രതവണ എത്ര വ്യത്യസ്ത അര്‍ത്ഥങ്ങളില്‍ നമ്മളും നമ്മുടെ പൂര്‍വികരും പ്രയോഗിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ ഒരു കണക്കുമുണ്ടാവില്ല. വാക്കുകള്‍ ജീവിതത്തെ തന്നെ പ്രതിനിധീകരിക്കുന്ന കാഴ്ച ഇവിടെ കാണാം.

ചെറുകാട്‌ തന്റെ ആത്മകഥക്ക്‌ ജീവിതപ്പാത എന്നാണ്‌ പേരിട്ടത്‌. എഴുത്തുകാരനെ സംബന്ധിച്ച്‌ ജീവിതത്തേക്കാള്‍ പ്രധാന ജീവിതം കടന്നു പോന്ന വഴികളാണെന്നു വരുമ്പോളാണ്‌ ആത്മകഥക്ക്‌ ഇങ്ങനെ പേര്‌ നല്‍കേണ്ടിവരിക. പഥേര്‍ പാഞ്ചലി(പാതയുടെ സംഗീതം) എന്ന് സത്യജിത്‌ റായി ജീവിതം ചിത്രമാക്കുമ്പോഴും, റോഡ്‌ ടൂ ഫ്രീഡം എന്ന് മണ്ഡേല ആത്മകഥ പറയുമ്പോളും നമ്മള്‍ വഴിയുടെ അര്‍ത്ഥാന്തരമാണ്‌ കാണുക.

നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്‍ , ഒരു പക്ഷേ ഞാനോ നിങ്ങളോ , ജീവിതത്തില്‍ എത്ര വട്ടം 'ഒരു വഴിയും കാണാതെ' പകച്ചു നിന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ ആരോടെല്ലാം എന്തെങ്കിലും വഴിയുണ്ടാക്കാമെന്ന് നാം വാക്കുകൊടുത്തിരിക്കുന്നു. കടം വാങ്ങിയവനോട്‌ 'എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ഉടന്‍ തിരിച്ചു തരും ' എന്ന് വാഗ്ദാനം ചെയ്യുമ്പോള്‍ ആ വഴിക്ക്‌ പലതാണല്ലോ അര്‍ത്ഥം. നിവൃത്തികെട്ട ഒരു മനുഷ്യന്‍ അര്‍ഥഗര്‍ഭമായി ...ആ..മറ്റൊരു വഴിയുമില്ലെങ്കില്‍...എന്ന് വാക്ക്‌ മുഴുമിക്കാതെ 'യാത്ര പറഞ്ഞു 'പോകയും പിറ്റേന്ന് അദ്ദേഹത്തെപ്പറ്റി അശുഭകരമായ വാര്‍ത്ത കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ വാക്കുകളുടെ ഭാരമാണ്‌ അനുഭവിക്കുക.

എഴുത്തച്ഛന്റെ വഴിയമ്പലം എന്ന പ്രയോഗം സത്രം എന്ന പദത്തില്‍നിന്ന് എത്രയോ അധികം ധ്വനിപ്രധാനമായ പദമാണ്‌. ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത്‌ വഴിയമ്പലം തേടി എന്നും അവസാനിക്കുന്നത്‌ വഴിയമ്പലം എന്നും പേരുകളുള്ള അദ്ധ്യായങ്ങളിലാണ്‌. ഇവിടെയൊക്കെ വഴി കേവലം ഒരു പദമായി ഒതുങ്ങുകയല്ല.മറിച്ച്‌ ജീവിതംതന്നെയായി പെരുകുകയണല്ലോ. 'വഴിവെട്ടുന്നവരോട്‌ 'എന്ന കക്കാടിന്റെ കവിതയിൽ 'ഇരുവഴി'യും 'പെരുവഴി'യും 'പുതുവഴി'യും കടന്നുവരുന്നത്‌ തികച്ചും വ്യത്യസ്തമായ അർത്ഥത്തിലും ധ്വനിയിലുമാണ്‌. 'എനിക്കുരസമീ നിമ്നോന്നതമാം വഴിക്കു തേരുരുൾ പായിക്കാൻ' എന്ന് ഇടശ്ശേരി പറയുന്നതും വ്യത്യസ്തമായ മറ്റൊരു വഴിയെപ്പറ്റിതന്നെയാണ്‌. ജീവിതത്തെയും കവിഞ്ഞ്‌ പോകുന്ന അർത്ഥമാത്രകളിലൂടെയാണ്‌ ഇവിടെ പദത്തിന്റെ സഞ്ചാരം. പെരുവഴിയമ്പലം എന്നത്‌ പത്മരാജന്റെ ഒരുസിനിമയാണ്‌. വഴിയാധാരമായിത്തീരുക എന്നത്‌ സര്‍വസാധാരണമായ ഒരു ജീവിതസത്യവും.

ശരിക്കും ഓര്‍മ്മയെ നടുക്കുന്ന വഴി കണക്കുമാഷുടെ വഴിയാണ്‌. വഴിയെഴുതി കണക്കു ചെയ്യാത്തതിന്‌ കിട്ടിയ ശകാരം മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പരിചിതമായിരിക്കണം. ഉത്തരം കിട്ടിയാല്‍ മാത്രം പോരാ അത്‌ ശരിയായ വഴിയിലൂടെ കണ്ടെത്തിയതായിരിക്കണമെന്ന ആദ്യത്തെ ഗാന്ധിയന്‍ ദര്‍ശനം പഠിപ്പിക്കപ്പെട്ടത്‌ കണക്കു മാഷിലൂടെയായിരുന്നു. ജീവിതത്തിന്റെ വഴികളില്‍ കണക്കുകൂട്ടലുകള്‍ക്കുള്ള പ്രാധാന്യം വലുതാണെന്ന് ആര്‍ക്കാണറിവില്ലാത്തത്‌? കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ എത്രയോ പോംവഴികള്‍ തേടി നമ്മുടെ ബുദ്ധി കാണാപ്പാതകള്‍ താണ്ടുന്നു. വഴിതെറ്റുന്നുവെന്ന കാഴ്ചപ്പാടില്‍ സദാചാരത്തിന്റെ ഒരു ചാരക്കണ്ണുണ്ട്‌.

'പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍ പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ'എന്ന് 'ജി' എഴുതിയപ്പോള്‍ വാക്കിനെ ദാര്‍ശനികതയുടെ ഒരു ചെറുചിമിഴാക്കുകയായിരുന്നു അദ്ദേഹം. മാര്‍ഗ്ഗം എന്നാല്‍ ബുദ്ധന്റെ വഴിയാണ്‌. മാര്‍ഗ്ഗം കൂടുക എന്നത്‌ ദാര്‍ശനികമായ വഴിമാറ്റവുമാണ്‌. അതു കൊണ്ടുതന്നെ കലാപവുമാണ്‌.

കുരിശിന്റെ വഴിയോ ഗാന്ധിമാര്‍ഗ്ഗമോ വെറും വാക്കുകളല്ല. വാക്കുകള്‍ക്കു കഴിയുന്നതെന്തോ അതിന്റെ ഒരു പ്രമാണരേഖയും ചരിത്രവുമാണ്‌ ; വാക്കിന്റെ രക്തവും മാംസവും തന്നെ.

2 അഭിപ്രായങ്ങൾ: