2010, മാർച്ച് 7, ഞായറാഴ്‌ച

മലയാളത്തോടുള്ള അവഗണന

എതൊരു ജനതയ്ക്കും അവരുടെ മാതൃഭാഷ സ്വത്വബോധത്തിന്റെ ഒന്നാമത്തെ ഉപാധിയാണ്‌. എന്നു വെച്ചാല്‍ ഭാഷയുടെ പേരിലാണ്‌ ഓരോ ജനതയും അറിയപ്പെടുന്നത്‌ എന്നര്‍ത്ഥം.നമ്മള്‍ മനുഷ്യരെ തമിഴരെന്നും ഹിന്ദിക്കാരെന്നും ബംഗാളികളെന്നും ഇംഗ്ളീഷുകാരെന്നും ഫ്രഞ്ചുകാരെന്നും എന്നൊക്കെ പറയുന്നത്‌ ഭാഷയുടെ ലേബലുപയോഗിച്ചാണ്‌. മലയാളിയും പുറത്തറിയപ്പെടുന്നത്‌ ഭാഷയുടെ പേരില്‍തന്നെയാണ്‌.


ഭാഷയുടെ പേരിലല്ലാതെ ദേശത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന അമേരിക്കക്കാരനും ഇന്ത്യാക്കാരനും ചൈനക്കാരനും ഇല്ലെന്നല്ല.ഒരൊറ്റ ഭാഷയുടെ പേരില്‍ അറിയപ്പെടാന്‍ കഴിയാത്തവണ്ണം വൈവിദ്ധ്യം നിറഞ്ഞ ഭാഷാക്ഷേത്രമാകയാലോ സാംസ്കാരിക ബഹുസ്വരത പുലര്‍ത്തുന്ന പാരമ്പര്യമാകയാലോ ആണ്‌ ഒരു ജനത പ്രധാനമായും ഭാഷേതരമായ സ്വത്വത്തിന്റെ പേരില്‍ അറിയപ്പെടുന്നത്‌.ഇംഗ്ളീഷുകാരായ ബ്രിട്ടീഷുകാരില്‍ നിന്ന് വ്യത്യസ്തരാണെന്ന് വരുത്താനാണ്‌ അമേരിക്കക്കാര്‍ സ്വാതന്ത്ര്യാനന്തരം ദേശനാമത്തിന്‍മേല്‍ സ്വത്വം കണ്ടെത്തിയത്‌.


പഴയ സംസ്കാരങ്ങളുടെ വാഹകരെ ഭാഷയുടെ പേരിലല്ല ദേശത്തിന്റെ പേരിലാണ്‌ ചരിത്രകാരന്‍മാര്‍ വ്യവഹരിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ ബാബിലോണിയര്‍, ഈജിപ്ഷ്യര്‍,മെസോപൊട്ടോമ്യന്‍മാര്‍ എന്നിങ്ങനെ. ചൈനക്കാരും ഇന്ത്യക്കാരും ഒരിക്കലും ഭാഷയുടെ പേരില്‍ അറിയപ്പെട്ടിരുന്നില്ല. ഭാരതീയരെ ഒരു ജനതയും സംസ്കൃതക്കാര്‍ എന്ന് വിളിക്കാതിരുന്നത്‌ അത്‌ ഭാരതത്തിന്റെ ഭാഷയായിരുന്നില്ലെന്നതു കൊണ്ടു മാത്രമായിരിക്കില്ല. ഭാഷയുടെ പേരിലുള്ള സ്വത്വബോധം ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടുകൂടിയാണ്‌ എന്നുള്ളതു കൊണ്ടുമാകാം.


കൊളോണിയല്‍ ആധിപത്യം മുറുകി വരുന്നതോടൊപ്പമാണ്‌ കൊളോണിയല്‍ അപരങ്ങളെല്ലാം തന്നെ ഭാഷയുടെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. ഭൂമിശാസ്ത്രപരമായ യൂണീറ്റുകളായോ ഭാഷാ സ്വരൂപങ്ങളായോ മാത്രമേ കൊളോണിയല്‍ ശക്തികള്‍ക്ക്‌ തദ്ദേശീയരെ കാണാന്‍ കഴിയുമായിരുന്നുള്ളു. മലബാറും ഗംഗാസമതലവും ഡക്കാന്‍ പീഠഭൂമിയും ഇങ്ങനെ രൂപപ്പെട്ട ഭൂമിശാസ്ത്ര മേഖലകളായിരുന്നു. മലയാളം എന്ന ഭാഷാനാമവും ഇങ്ങനെ ഭൂമിശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട്‌ രൂപപ്പെട്ട ഒന്നായിരുന്നു.ഇവിടെ നിലനിന്നിരുന്ന ഭാഷക്ക്‌ കേരളഭാഷയെന്നാണ്‌ പതിനാലാം നൂറ്റാണ്ടില്‍ പറഞ്ഞിരുന്നത്‌. കേരളം എന്ന വാക്കും ഭാഷയെ നേരിട്ടു പ്രതിഫലിപ്പിക്കുന്ന വാക്കല്ല. എന്തുകൊണ്ടാണ്‌ കേരളതീരത്തെ മനുഷ്യര്‍ തമിഴന്‍മാരെപോലെ ഭാഷയുടെ പേരില്‍ അറിയപ്പെടാതെ ദേശസവിശേഷതയുടെ പേരില്‍ അറിയപ്പെടാനിട വന്നു? അമേരിക്കന്‍ ദേശീയതയുടേതു പോലെ എന്തെങ്കിലും സവിശേഷകാരണം അതിനു പിന്നിലുണ്ടോ?


മലയാളം ഒരു വെങ്കലഭാഷയാണോ? മുസ്ളീങ്ങള്‍ അറബിമലയാളവും കൃസ്ത്യാനികള്‍ പാതിരിമലയാളവും വികസിപ്പിച്ചത്‌ മലയാളം ഒരു ഹിന്ദു ഭാഷയായതുകൊണ്ടാണോ? നമ്മുടെ നാട്ടില്‍ ആരാണ്‌ ഇംഗ്ളീഷ്‌ വിദ്യാഭ്യാസത്തിന്‌ ഇത്ര വലിയ പ്രചാരം പത്തൊന്‍പതാംനൂറ്റാണ്ടില്‍ ഉണ്ടാക്കിക്കൊടുത്തത്‌ ? നമ്മുടെ നാട്ടിലെ ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകള്‍ ആദ്യകാലത്ത്‌ ഏത്‌ മതവിഭാഗമാണ്‌ പ്രൊമോട്ട്‌ ചെയ്തത്‌? മണിപ്രവാളമലയാളത്തിന്റെ ജാതീയസ്വത്വമെന്തായിരുന്നു?


അവസാനമായി, മലയാളം രണ്ടാംഭാഷയാണെന്ന് പ്രഖ്യാപിച്ച ഭരണാധികാരികള്‍ ആരാണ്‌? ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ആദ്യമായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സ്കൂള്‍ തലത്തിലെങ്കിലും എന്തുകൊണ്ട്‌ മലയാളം ഒന്നാം ഭാഷയാക്കിയില്ല? മലയാളത്തോടുള്ള അവഗണനക്ക്‌ കാരണം മലയാളികളൂടെ പ്രായോഗിക സമീപനവും തൊഴില്‍ തേടിയുള്ള പരദേശസഞ്ചാരവുമാണെന്നുള്ള വാദത്തിന്‌ എത്രമാത്രം ചരിത്രപരമായ സാംഗത്യമുണ്ട്‌? ഈ ചോദ്യങ്ങള്‍ പ്രബുദ്ധരായ മലയാളികളൂടെ ആലോചനയ്ക്കും ഗവേഷണത്തിനും വിട്ടുകൊണ്ട്‌ തല്‍ക്കാലം നിര്‍ത്തുന്നു.