2010, ഡിസംബർ 1, ബുധനാഴ്‌ച

ലൈംഗികതയും സ്ത്രീ-പുരുഷ സൗഹൃദങ്ങളും

മലയാളികളുടെ സാമൂഹ്യജീവിതം ഒരരനൂറ്റാണ്ടിനിടയ്ക്ക് വല്ലാതെ മാറിക്കഴിഞ്ഞിട്ടുണ്ട്. വഴിനടക്കാനും കൂട്ടംകൂടാനും സ്വാതന്ത്ര്യമില്ലാതിരുന്ന അത്രവിദൂരമല്ലാത്ത ഭൂതകാലത്തിൽ നിന്ന് മലയാളികൾ നന്നേ വ്യത്യസ്തമായ ഒരു വർത്തമാനകാല സാഹചര്യത്തിലേയ്ക്കാണ്‌ ചുവടുമാറിയത്. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പൊതു സാമൂഹ്യനിലവാരത്തിൽ ഏറെമുന്നിലെത്തിയെന്ന് വമ്പുപറയുമ്പോഴും മലയാളികളുടെ സാമാന്യമായ സദാചാരബോധം, നവോത്ഥാനകാല പരികല്പനകളെ ഭരിച്ചു പോന്ന വിക്ടോറിയൻ മാനദണ്ഡങ്ങളിൽ നിന്ന് ഏറെയൊന്നും വികസിച്ചിട്ടില്ല എന്ന കാര്യം നാം പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്‌.
             
എന്നിരുന്നാലും മാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഇടപാട് ലൈംഗികവിവാദങ്ങളാണ്‌ എന്നുള്ളത് നമ്മുടെ സമൂഹത്തിന്റെ വൈകാരികവും മാനസികവുമായ കൗമാരാവസ്ഥയെമാത്രമാണ്‌ പ്രദർശിപ്പിക്കുന്നത്. ഒരു ചർച്ചാവിഷയമെന്ന നിലയിൽ ഒരിക്കൽ പോലും നമ്മുടെ കാമ്പസുകളിൽ ഈ വിഷയം പൊതുചർച്ചയ്ക്കു വന്നിട്ടില്ല എന്നാണ്‌ മനസ്സിലാകുന്നത്. ലൈംഗികതയെപ്പറ്റിയുള്ള ഒരു പൊതു ചർച്ചപോലും തികഞ്ഞ അശ്ളീലമാണെന്നു കരുതുന്ന മദ്ധ്യവർഗ്ഗ നാട്യങ്ങളിൽ നിന്നാണ്‌ ലൈംഗികമായ ഇക്കിളിച്ചിന്തകൾ പൊട്ടിവിടരുന്നത്. സ്ത്രീ ലൈംഗികതയെപ്പറ്റിയുള്ള വനിതയിലേയോ മറ്റു വനിതാമാസികയിലേതോ ഫീച്ചറുകൾ പോലും എഴുതപ്പെടുന്നതും പരസ്യം ചെയ്യപ്പെടുന്നതും വായിക്കപ്പെടുന്നതും ചൂടുള്ള ഒരശ്ളീലതയുടെ മുഖത്തെഴുത്തിലൂടെയാണ്‌. മറിച്ച് മാറിവരുന്ന ഒരു സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ആരോഗ്യകരമായ അന്വേഷണമായോ ആശങ്കകളായോ ആഘോഷമായിപ്പോലുമോ  ആ വിഷയം അവതരിക്കപ്പെടുന്നില്ല. നമ്മുടെ മദ്ധ്യവർഗ്ഗ സ്ത്രീകൾക്ക് പുതിയൊരു ലൈംഗികമനസ്സ് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്‌ പലപ്പോഴും അത്തരം ഫീച്ചറുകൾ ചെയ്തുകൊടുക്കുന്ന സേവനം.

മാറിവരുന്ന ഗൃഹ, വസ്ത്ര, ഭക്ഷണശീലങ്ങൾ പോലെ ഒന്നായി അത് സ്ത്രീ-പുരുഷ ബന്ധങ്ങളേയും ലൈംഗികതയേയും സമീകൃതരീതിയിൽ വീക്ഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ പൊതു സമൂഹത്തിൽ കെട്ടിടനിർമ്മാണത്തിലോ ഭക്ഷണ മെനുവിലോ സംഭവിച്ച വിപ്ളവകരമായ മാറ്റങ്ങളൊന്നും സ്ത്രീ -പുരുഷ സമ്പർക്കങ്ങളിലോ പൊതു സംഭാഷണരീതികളിലോ ദൃശ്യമാകുന്നില്ല. കാമ്പസ്സിനുള്ളിൽ നിലനിൽക്കുന്ന ആൺ- പെൺ വിനിമയങ്ങൾ പോലും അതേ വ്യക്തികൾ തമ്മിലുള്ള പൊതു സാമൂഹ്യ ബന്ധത്തിൽ നിന്ന് അത്ഭുതകരമാംവിധം  തിരോഭവിയ്ക്കുന്നതു കാണാം. അച്ഛന്റേയും അമ്മയുടേയും മുന്നിൽ ഭീരുവും പക്വമതിയും ആൺ വിരോധിയും വായ്നോക്കികളെ പുച്ഛിക്കുന്നവളുമായ ഏതൊരു മകളും, മലയാളിയുടെ അദ്ധ്വാനശീലം പോലെ, തന്നെ വാളയാർ ചുരം കടന്നാൽ മറ്റൊരവതാരമാകുന്നത് സഞ്ചാരികൾക്ക് അനുഭവവേദ്യമായിരിക്കണം. മലയാളി സദാചാരപരമായി ശ്വാസംവിടുന്നത് അന്യസംസ്ഥാനങ്ങളിലെത്തുമ്പോഴാണ്‌. ആൺ-പെൺ സൗഹൃദം അതിന്റെ എല്ലാ ബാധകളെയും മറന്ന് വെങ്കലപ്പെടുന്നത് അന്യരുടെ മണ്ണിലാണ്‌. മറ്റ് ആൺ- പെൺ ബന്ധങ്ങളും ആവശ്യമെങ്കിൽ അവിടെ സാദ്ധ്യമാണെന്നാണ്‌ മനസ്സിലാകുന്നത്.


പരസ്പരം തുറന്നു സംസാരിക്കാനുള്ള ഇടം ഭാര്യാ ഭർതൃബന്ധത്തില്പോലും നമ്മുടെ സമൂഹം അനുവദിക്കുന്നില്ല.  കുടുംബം എന്ന സ്ഥാപനത്തിന്റെ  വിരസദിനചര്യകൾക്കപ്പുറം ജീവിതം വഴിതെറ്റിപ്പോകാതിരിക്കാൻ നമ്മുടെ സമൂഹം കണ്ണും കാതും തുറന്നിരിക്കുന്നുണ്ട്. പുതിയൊരു മനോനിലയിൽ പുരുഷനെക്കാണാൻ സ്ത്രീയും സ്ത്രീയെക്കാണാൻ  പുരുഷനും വെമ്പൽക്കൊള്ളുന്ന പുതുലോകത്തിൽ കുലസ്ത്രീയുടെ ചാരിത്ര്യപ്പെട്ടിയും മാന്യനായ പുരുഷന്റെ മുഖം മൂടിയും ചുമന്ന് പരസ്പരം ഒളിഞ്ഞുനോക്കിയും മൊബൈൽച്ചുംബനങ്ങൾ പറത്തിയും ഒരിടത്തലമുറ മുറിഞ്ഞുതീരുന്നുണ്ട്. നല്ല പൊതുസൗഹൃദങ്ങൾ അവർക്ക് അസാദ്ധ്യമാണ്‌. ഒരു നാലുമണിനേരത്ത് കോഫീ ബാറിലിരുന്ന് പരസ്പരം സംസാരിക്കാൻ ആൺ-പെൺ സൗഹൃദങ്ങൾക്ക് സാദ്ധ്യമല്ല. അഥവാ അങ്ങനെ സംഭവിച്ചാൽ അടുത്ത ദിവസം അത് ഹോട്ടൽ മുറിയിലേയ്ക്ക് വഴിതെറ്റിപ്പോകും വിധം ലൈംഗികമായി ബലഹീനമാണ്‌ ശരാശരി മലയാളികളുടെ ആൺ-പെൺ മനസ്സുകൾ