2010, ഡിസംബർ 1, ബുധനാഴ്‌ച

ലൈംഗികതയും സ്ത്രീ-പുരുഷ സൗഹൃദങ്ങളും

മലയാളികളുടെ സാമൂഹ്യജീവിതം ഒരരനൂറ്റാണ്ടിനിടയ്ക്ക് വല്ലാതെ മാറിക്കഴിഞ്ഞിട്ടുണ്ട്. വഴിനടക്കാനും കൂട്ടംകൂടാനും സ്വാതന്ത്ര്യമില്ലാതിരുന്ന അത്രവിദൂരമല്ലാത്ത ഭൂതകാലത്തിൽ നിന്ന് മലയാളികൾ നന്നേ വ്യത്യസ്തമായ ഒരു വർത്തമാനകാല സാഹചര്യത്തിലേയ്ക്കാണ്‌ ചുവടുമാറിയത്. എന്നാൽ ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പൊതു സാമൂഹ്യനിലവാരത്തിൽ ഏറെമുന്നിലെത്തിയെന്ന് വമ്പുപറയുമ്പോഴും മലയാളികളുടെ സാമാന്യമായ സദാചാരബോധം, നവോത്ഥാനകാല പരികല്പനകളെ ഭരിച്ചു പോന്ന വിക്ടോറിയൻ മാനദണ്ഡങ്ങളിൽ നിന്ന് ഏറെയൊന്നും വികസിച്ചിട്ടില്ല എന്ന കാര്യം നാം പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്‌.
             
എന്നിരുന്നാലും മാധ്യമങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഇടപാട് ലൈംഗികവിവാദങ്ങളാണ്‌ എന്നുള്ളത് നമ്മുടെ സമൂഹത്തിന്റെ വൈകാരികവും മാനസികവുമായ കൗമാരാവസ്ഥയെമാത്രമാണ്‌ പ്രദർശിപ്പിക്കുന്നത്. ഒരു ചർച്ചാവിഷയമെന്ന നിലയിൽ ഒരിക്കൽ പോലും നമ്മുടെ കാമ്പസുകളിൽ ഈ വിഷയം പൊതുചർച്ചയ്ക്കു വന്നിട്ടില്ല എന്നാണ്‌ മനസ്സിലാകുന്നത്. ലൈംഗികതയെപ്പറ്റിയുള്ള ഒരു പൊതു ചർച്ചപോലും തികഞ്ഞ അശ്ളീലമാണെന്നു കരുതുന്ന മദ്ധ്യവർഗ്ഗ നാട്യങ്ങളിൽ നിന്നാണ്‌ ലൈംഗികമായ ഇക്കിളിച്ചിന്തകൾ പൊട്ടിവിടരുന്നത്. സ്ത്രീ ലൈംഗികതയെപ്പറ്റിയുള്ള വനിതയിലേയോ മറ്റു വനിതാമാസികയിലേതോ ഫീച്ചറുകൾ പോലും എഴുതപ്പെടുന്നതും പരസ്യം ചെയ്യപ്പെടുന്നതും വായിക്കപ്പെടുന്നതും ചൂടുള്ള ഒരശ്ളീലതയുടെ മുഖത്തെഴുത്തിലൂടെയാണ്‌. മറിച്ച് മാറിവരുന്ന ഒരു സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ആരോഗ്യകരമായ അന്വേഷണമായോ ആശങ്കകളായോ ആഘോഷമായിപ്പോലുമോ  ആ വിഷയം അവതരിക്കപ്പെടുന്നില്ല. നമ്മുടെ മദ്ധ്യവർഗ്ഗ സ്ത്രീകൾക്ക് പുതിയൊരു ലൈംഗികമനസ്സ് ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്‌ പലപ്പോഴും അത്തരം ഫീച്ചറുകൾ ചെയ്തുകൊടുക്കുന്ന സേവനം.

മാറിവരുന്ന ഗൃഹ, വസ്ത്ര, ഭക്ഷണശീലങ്ങൾ പോലെ ഒന്നായി അത് സ്ത്രീ-പുരുഷ ബന്ധങ്ങളേയും ലൈംഗികതയേയും സമീകൃതരീതിയിൽ വീക്ഷിക്കുന്നുണ്ട്. എന്നാൽ നമ്മുടെ പൊതു സമൂഹത്തിൽ കെട്ടിടനിർമ്മാണത്തിലോ ഭക്ഷണ മെനുവിലോ സംഭവിച്ച വിപ്ളവകരമായ മാറ്റങ്ങളൊന്നും സ്ത്രീ -പുരുഷ സമ്പർക്കങ്ങളിലോ പൊതു സംഭാഷണരീതികളിലോ ദൃശ്യമാകുന്നില്ല. കാമ്പസ്സിനുള്ളിൽ നിലനിൽക്കുന്ന ആൺ- പെൺ വിനിമയങ്ങൾ പോലും അതേ വ്യക്തികൾ തമ്മിലുള്ള പൊതു സാമൂഹ്യ ബന്ധത്തിൽ നിന്ന് അത്ഭുതകരമാംവിധം  തിരോഭവിയ്ക്കുന്നതു കാണാം. അച്ഛന്റേയും അമ്മയുടേയും മുന്നിൽ ഭീരുവും പക്വമതിയും ആൺ വിരോധിയും വായ്നോക്കികളെ പുച്ഛിക്കുന്നവളുമായ ഏതൊരു മകളും, മലയാളിയുടെ അദ്ധ്വാനശീലം പോലെ, തന്നെ വാളയാർ ചുരം കടന്നാൽ മറ്റൊരവതാരമാകുന്നത് സഞ്ചാരികൾക്ക് അനുഭവവേദ്യമായിരിക്കണം. മലയാളി സദാചാരപരമായി ശ്വാസംവിടുന്നത് അന്യസംസ്ഥാനങ്ങളിലെത്തുമ്പോഴാണ്‌. ആൺ-പെൺ സൗഹൃദം അതിന്റെ എല്ലാ ബാധകളെയും മറന്ന് വെങ്കലപ്പെടുന്നത് അന്യരുടെ മണ്ണിലാണ്‌. മറ്റ് ആൺ- പെൺ ബന്ധങ്ങളും ആവശ്യമെങ്കിൽ അവിടെ സാദ്ധ്യമാണെന്നാണ്‌ മനസ്സിലാകുന്നത്.


പരസ്പരം തുറന്നു സംസാരിക്കാനുള്ള ഇടം ഭാര്യാ ഭർതൃബന്ധത്തില്പോലും നമ്മുടെ സമൂഹം അനുവദിക്കുന്നില്ല.  കുടുംബം എന്ന സ്ഥാപനത്തിന്റെ  വിരസദിനചര്യകൾക്കപ്പുറം ജീവിതം വഴിതെറ്റിപ്പോകാതിരിക്കാൻ നമ്മുടെ സമൂഹം കണ്ണും കാതും തുറന്നിരിക്കുന്നുണ്ട്. പുതിയൊരു മനോനിലയിൽ പുരുഷനെക്കാണാൻ സ്ത്രീയും സ്ത്രീയെക്കാണാൻ  പുരുഷനും വെമ്പൽക്കൊള്ളുന്ന പുതുലോകത്തിൽ കുലസ്ത്രീയുടെ ചാരിത്ര്യപ്പെട്ടിയും മാന്യനായ പുരുഷന്റെ മുഖം മൂടിയും ചുമന്ന് പരസ്പരം ഒളിഞ്ഞുനോക്കിയും മൊബൈൽച്ചുംബനങ്ങൾ പറത്തിയും ഒരിടത്തലമുറ മുറിഞ്ഞുതീരുന്നുണ്ട്. നല്ല പൊതുസൗഹൃദങ്ങൾ അവർക്ക് അസാദ്ധ്യമാണ്‌. ഒരു നാലുമണിനേരത്ത് കോഫീ ബാറിലിരുന്ന് പരസ്പരം സംസാരിക്കാൻ ആൺ-പെൺ സൗഹൃദങ്ങൾക്ക് സാദ്ധ്യമല്ല. അഥവാ അങ്ങനെ സംഭവിച്ചാൽ അടുത്ത ദിവസം അത് ഹോട്ടൽ മുറിയിലേയ്ക്ക് വഴിതെറ്റിപ്പോകും വിധം ലൈംഗികമായി ബലഹീനമാണ്‌ ശരാശരി മലയാളികളുടെ ആൺ-പെൺ മനസ്സുകൾ

11 അഭിപ്രായങ്ങൾ:

  1. നല്ല ഒരു വിചാരമായി. പക്ഷേ മാറിത്തുടങ്ങിയിട്ടുണ്ട്, പുതിയ കുട്ടികൾ. ലൈംഗികതയുടെ കാര്യത്തിൽ ആനക്കള്ളന്മാരായ പഴയ തലമുറയുടെ കാപട്യങ്ങൾ പൊതുവെ കേരളത്തിലെ പുതു തലമുറക്കില്ല.

    മറുപടിഇല്ലാതാക്കൂ
  2. ആണും പെണ്ണും ബലഹീനതകളുടെ ഒരു സമുച്ചയമാണു. സദാചാരത്തിനു മൂല്യമിടിയുന്നതു നല്ല തണൂപ്പുള്ള നാടൂകളിലെ ആരെയും കെട്ടിപ്പിടിച്ചു ചൂടകറ്റുന്ന സംസ്കാരം നമ്മിലും കുളിരണിയിക്കുന്നതുകൊണ്ടാണ്‌.

    മറുപടിഇല്ലാതാക്കൂ
  3. ഞാൻ പറയാൻ ശ്രമിക്കുന്നത് കേരള സമൂഹത്തിൽ നിലനിൽക്കുന്ന 'അൺടച്ചബിലിറ്റി' യെപ്പറ്റിയാണ്‌. ജാതീയമായ അസ്പൃശ്യത കേരളസമൂഹത്തിൽ ഇല്ലാതായപ്പോൾ മുൻപൊരിക്കലുമില്ലാത്തവണ്ണം ലിംഗപരമായ അസ്പൃശ്യത കേരളത്തിൽ വർദ്ധിച്ചു വരികയാണുണ്ടായത്. ജാതീയവും മതപരവുമായ പരിശുദ്ധി സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു മികച്ച ഉപാധി എന്ന നിലയിലാണ്‌ കേരളത്തിൽ അത് നിലനിർത്തപ്പെട്ടതും പരിപോഷിക്കപ്പെട്ടതും. സ്ത്രീ- പുരുഷ ബന്ധത്തിൽ സ്വാതന്ത്ര്യാന്തര കേരളത്തിൽ കല്പിക്കപ്പെട്ട വിലക്ക് ജാതി-മത രാഷ്ട്രീയത്തിന്റെ വലിയൊരു വിജയമായിരുന്നു. ജാതിയും മതവും അതിന്റെ സാമൂഹ്യശേഷിയും ദുർബലപ്പെടുത്തുന്ന ഒന്നായി സ്ത്രീ- പുരുഷന്മാർ തമ്മിലുള്ള പൊതു ബന്ധങ്ങൾ വളർന്നുവരുമെന്ന വിചാരമാണ്‌ കേരളീയ ഫ്യൂഡൽ മനസിനെഭയപ്പെടുത്തിയത്. കെ ആർ ഗൗരിയും ടി.വി തോമസും സൃഷ്ടിച്ച വലിയൊരു സമൂഹ്യവിപ്ളവത്തിന്റെ തട എന്ന നിലയിലാണ്‌ ആധുനിക കേരള സമൂഹത്തിൽ പ്രണയമടക്കമുള്ള പൊതുവായ സ്ത്രീ- പുരുഷബന്ധങ്ങളെ കേരളീയ ജാതി- മതവിഭാഗങ്ങൾ സദാചാരമെന്ന ഒരു വലവിരിച്ച് പിടിച്ചുകെട്ടിയത്.

    @അപ്പോകാലിപ്ക്കോ. തണുപ്പുനാടുകളിൽ ചൂട് പിടിപ്പിക്കാനുള്ള ഉപാധിയാണ്‌ ലൈംഗികതയും മദ്യവും എന്ന വാദം നമ്മൾ പലതവണകേട്ടിട്ടുള്ളതാണ്‌. എന്നാൽ അതൊന്നുമല്ല സത്യം. അതൊരുപാധിയാണവർക്ക്. എന്നാൽ ലോകത്തിലെ എല്ലാ ജനവർഗ്ഗങ്ങളുടേയും ചരിത്രം പരിശോധിച്ചാൽ അവരെല്ലാം ലൈംഗികമായ അരാജകത്വകാലങ്ങളിലൂടെ കടന്നുപോയവരാണെന്ന് കാണാം . നമ്മുടെ നാട്ടിൽ നമ്പൂതിരിമാരുടെയും നായർവനിതകളുടേയും പഴയകാലജീവിതം ആ മട്ടിലൊന്നായിരുന്നു. ഇന്നും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ഏർപ്പാട് ഒറ്റയൊറ്റയായും സാമൂഹ്യമായും നിലനിൽക്കുന്നുമുണ്ട്. അമേരിക്കക്കാരനെക്കണ്ട് ആഗോളവത്കരണകാലത്ത് നമ്മൾ പഠിച്ച ഒരു വിദ്യയാണ്‌ കെട്ടിപ്പിടുത്തവും ലൈംഗികതയുമെന്ന് വെറുതേ ആരൊപിക്കരുത്. പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്ന് ശ്രീകൃഷ്ണന്‌ ഏറ്റവും വലിയ ക്ഷേത്രങ്ങളും ആരാധകരുമുള്ള ഒരു സമൂഹത്തിൽ നിന്നുകൊണ്ട് സദാചാരത്തെപ്പറ്റി പറയുമ്പോൾ നമ്മൾ യൂറോപ്യന്മാരേയും അമേരിക്കക്കാരേയും വെറുതെ വിടുന്നതാവും ധാർമ്മികമായ ശരി.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ഇന്നത്തെ തലമുറയില്‍ പരസ്പരം കാര്യങ്ങള്‍ പങ്കു വയ്ക്കാനുള്ള തലത്തിലേക്ക് ഉയരനെങ്കിലും പലര്‍ക്കും പറ്റുന്നുണ്ട്... ഇതില്‍ നിലപടെടുക്കേണ്ടത് വ്യക്തികള്‍ ആണ്... സമൂഹത്തെ പരിഗണിക്കേണ്ടതില്ല... പിന്നെ കേരളത്തിന്‌ പുരതെതിയാല്‍ മലയാളി പെണ്‍കുട്ടികള്‍ മറ്റൊരു അവതാരങ്ങള്‍ ആകുന്നതു വലിയ ഒരു തിരിച്ചറിവ് കൊണ്ട് മാത്രമല്ല... ചില തെറ്റി ധാരണകള്‍ കൊണ്ടും ചതിപ്പെടുതലുകള്‍ കൊണ്ടും കൂടിയാണ്...

    മറുപടിഇല്ലാതാക്കൂ
  6. ഇത് ആലോചിക്കേണ്ട കാര്യമല്ല , നാറി മലയാളികള്‍ , ഞാനുള്‍പ്പെടെ, മനസ്സിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത് . ആണ്‍ പെണ് ഫ്രെണ്ട്ഷിപ് കല്‍ കേരളത്തിനു പുറത്തു പോയാല്‍ മാത്രം കൊണ്ട് നടക്കെണ്ടാതല്ലെന്നും , അത് ഇവിടെ കൊല്ലത്തും കോട്ടയത്തും , കണ്ണൂരും വേണമെന്നും മനസ്സിലാക്കാനുള്ള ബുദ്ദി നമുക്കില്ല , ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി പാത്തും പതുങ്ങിയും സ്വന്തം പെണ് സുഹ്ര്‍ത്തിനോട് വര്‍ത്തമാനം പറയുന്ന നമ്മള്‍ തന്നെയാണ് അതിനു ഉത്തരവാദി , ആരെ പേടിക്കുന്നെടോ നിങ്ങള്‍ , ഓണക്കന്മാര്‍ . അവര് തുറിച്ചു നോക്കുമ്പോള്‍ നിങ്ങള്‍ ഭയക്കാതിരുന്നാ മതി , സംഗതി സിമ്പിള്‍ , പക്ഷെ ഗട്സ് വേണം. ഒരു ഹിഡന്‍ അജണ്ട മാതിരി എന്തോ ഒന്നുണ്ട് എന്നാ ഭയമാണ് ഇതിനു കാരണം.

    മറുപടിഇല്ലാതാക്കൂ
  7. "അഥവാ അങ്ങനെ സംഭവിച്ചാൽ അടുത്ത ദിവസം അത് ഹോട്ടൽ മുറിയിലേയ്ക്ക് വഴിതെറ്റിപ്പോകും വിധം ലൈംഗികമായി ബലഹീനമാണ്‌ ശരാശരി മലയാളികളുടെ ആൺ-പെൺ മനസ്സുകൾ" ഈ പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല, എത്രയോ സൌഹൃദങ്ങൾ എന്റെ മുന്നിലുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. മലയാളി സദാചാരപരമായി മോചിതരാകുന്നത് അന്യ നാട്ടിലേക്കെത്തുമ്പോഴാണ് എന്നത് പരമസത്യം...ആണിനും പെണ്ണിനും ഇടയില്‍ ഇത്രയേറെ മതിലുകള്‍ പണിതിവെക്കുന്ന ശീലം കേരളീയര്‍ക്കു മാത്രമേയുള്ളൂ...ലജ്ജിക്കൂ‍...

    മറുപടിഇല്ലാതാക്കൂ
  9. സദാചാരം ഇന്ന് ആര്‍ക്കും വേണ്ടാത്ത 'തല' ആയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ